Thursday, July 28, 2022

ആ പൂന്തോട്ടത്തിൽ പിന്നെ മുഞ്ഞ കയറിയിട്ടില്ല. (അതിഭീകരമായൊരു ദുരന്തകഥ) / അലുവയും മത്തിക്കറിയും

അലുവയും മത്തിക്കറിയും : എൻ്റെ കഥ

ആ പൂന്തോട്ടത്തിൽ പിന്നെ മുഞ്ഞ കയറിയിട്ടില്ല.
(അതിഭീകരമായൊരു ദുരന്തകഥ)

അമ്മയുടെ പൂന്തോട്ടത്തിലെ മുഖ്യ ആകർഷണം ആയിരുന്നു ആ മഞ്ഞ തീപ്പൊരിപ്പൂക്കൾ.
മഞ്ഞപ്പരവതാനി വിരിച്ചപോലെ മുറ്റം നിറയെ അവയങ്ങനെ വിലസി നിൽക്കുന്നത് ഏവരെയും ആകർഷിച്ചിരുന്നു.
അപ്പോളാണ് ആ ഭീകരന്മാർ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്.
ചെടികളുടെ നീര് കുടിച്ച് വളർന്ന് അവയെ നശിപ്പിക്കുന്ന മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനം ജീവി ചെടികളിലെല്ലാം ഇരിക്കുന്നു!
അവയെ നശിപ്പിച്ചേ പറ്റു.. എന്ത് ചെയ്യും?
അടുത്ത സുഹ്രത്തും കൃഷി തല്പരനുമായ സുരേഷിൻ്റെ സഹായം തേടി.

ഹേയ് ഇത്തിരിപ്പോന്ന ഈ മുഞ്ഞയെയാണോ ഇത്ര ഭയക്കുന്നത്?
അതിർത്തി കടന്നെത്തുന്ന പട്ടാളക്കാരെ വരെ വെടിവെച്ചിടുന്നു. 
അപ്ലാ ഈ സില്ലി മാറ്റർ ..
ഞാൻ പറയുന്ന സാധനങ്ങൾ സംഘടിപ്പിച്ച് തന്നാൽ മതി.
അങ്ങനെ ഇഷ്ടൻ പറഞ്ഞ യുദ്ധക്കോപ്പുകൾ തയ്യാറാക്കി.
നാല് ചിരട്ട, ഒരു കുപ്പി മണ്ണെണ്ണ.

അന്ന് ഇന്നത്തെപ്പോലെ മണ്ണെണ്ണക്ക് പഞ്ഞമുള്ള കാലമല്ല.
റേഷൻ കടകൾ വഴി ഓരോ വീടുകളിലേക്കും ലിറ്ററ്കണക്കിന് മണ്ണെണ്ണ ഒഴുകി നടന്ന കാലം..

ഒടുവിൽ പടയാളിയെത്തി. റൈഫിളിൽ തിര നിറക്കുന്ന ജവാൻ്റെ ഭാവത്തിൽ മണ്ണെണ്ണ ചിരട്ടയിലേക്ക് പകർന്നു.
"കൊച്ച് ചെർക്കാ നോക്കി നിക്കാണ്ട് ഇത് പോലെ ചെയ്യ്..
നാല് വശത്തൂന്നും ഒന്നിച്ചാകണം ആക്രമണം.
ഒറ്റയെണ്ണത്തെ വെർതേ വിടര്ത്.."

ക്യാപ്റ്റൻ്റെ നിർദ്ദേശം ശിരസാവഹിച്ച് ഇരുകൈകളിലും ഓരോചിരട്ട വീതം മണ്ണെണ്ണ നിറച്ച് ഞാനും എടുത്തു.
പിന്നീട് ഒരാക്രമണമായിരുന്നു. മുഞ്ഞയെന്ന കൊടുംഭീകരരായ നുഴഞ്ഞ്കയറ്റക്കാർക്കെതിരെ രാസായുധം പ്രയോഗിച്ച ശേഷം  ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോയി.
തിരികെ വന്നപ്പോ കണ്ടത് രാമപത്നിയാകാനുള്ള ആഗ്രഹ സഫലീകരണം നടക്കാതെ അപമാനിതയായ ശൂർപ്പണഖയുടെ മുഖഭാവേന നിൽക്കുന്ന അമ്മയെയാണ്.

ഇതെന്നാ പറ്റി?
കൊടുംഭീകരരായ മുഞ്ഞകളെ തുരത്തിയ ഞങ്ങൾക്ക് പലഹാരവുമായ് സ്വീകരണം ഒരുക്കിയിരിക്കേണ്ടതിന് പകരം?

അമ്മയെ അനുനയിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു, "അമ്മേ, അമ്മ വിഷമിക്കണ്ട.. ഇനി നമ്മുടെ ചെടികളിൽ മുഞ്ഞ കയറില്ല .. ഞങ്ങൾ എല്ലാത്തിനേം തുരത്തി .. "


ഉവ്വ.. ഇനിയാ ചെടികളിൽ മുഞ്ഞ കയറില്ല .. പോയി നോക്ക്..

പൂത്തുലഞ്ഞ് അഗ്നി പോലെ ജ്വലിച്ച് പൂക്കളോടെ നിന്നിരുന്ന തീപ്പൊരിച്ചെടികൾ കനല് കെട്ട് ചാരം മാത്രമായി മാറിയിരിക്കുന്നു.

പ്രയോഗിച്ച അണ്വായുധത്തിന് ശത്രു ഏതാ മിത്രം ഏതാ എന്നറിയില്ലല്ലോ ..
മുഞ്ഞകളും ചത്തു - ചെടികളും കരിഞ്ഞുണങ്ങിപ്പോയി😔



- രതീഷ് സംഗമം.

Tuesday, July 26, 2022

ഈച്ചയും ഉറുമ്പും ശ്രേഷ്ഠ മനുഷ്യരും./അലുവയും മത്തിക്കറിയും / എൻ്റെ കഥ

അലുവയും മത്തിക്കറിയും / എൻ്റെ കഥ

ഈച്ചയും ഉറുമ്പും ശ്രേഷ്ഠ മനുഷ്യരും.

ഉറുമ്പും തേനീച്ചയും കണ്ട് മുട്ടി.
ഉറുമ്പ് : അല്ല ചങ്ങാതീ എങ്ങനെയുണ്ട് ജീവിതമൊക്കെ സുഖമാണോ?
തേനീച്ച : ചെടികളിൽ പൂക്കളും പറക്കാൻ ചിറകുകളും ഉള്ളിടത്തോളം നമുക്കെന്ത് ദുഃഖം ചങ്ങാതീ.. ആട്ടെ നിനക്കെങ്ങനെ?



ഉറുമ്പ് : ഞങ്ങളും അങ്ങനെ തന്നെ.. ചുറ്റും പരതിയാൽ വയറ് നിറക്കാനും മഴക്കാലത്തേക്ക് കരുതിവെക്കാനും കിട്ടുന്നുണ്ട്..

ഇവർ സംസാരിച്ചിരിക്കേ അതുവഴി മൂന്നാല് മനുഷ്യർ പോയി.
പക്ഷേ, അവരാരും ഇവരുടെ സംഭാഷണം കേട്ടതില്ല.


ഒന്നാമന് ഇന്നാണ് യൂണിവേഴ്സിറ്റി പരീക്ഷ. പഠിച്ചതെല്ലാം വരുമോ എന്ന ചിന്തയിലായിരുന്നു അവൻ.

രണ്ടാമൻ ഒരു ഇൻ്റർവ്യൂവിന് പോകുന്ന തിരക്കിലായിരുന്നു.

മൂന്നാമൻ ഒരു പെണ്ണ് കാണാൻ പോകുകയായിരുന്നു. പെണ്ണിൻ്റെ രൂപം, കിട്ടുന്ന സ്ത്രീധനം - അവനും വ്യാകുലനാണ്.

നാലാമൻ രോഗിയാണ്. യാത്ര ആശുപത്രിയിലേക്ക് ..

Monday, July 25, 2022

റേഡിയോയിലെ പാട്ട് പാടുന്ന മാമന് ദാഹിക്കുന്നു./അലുവയും മത്തിക്കറിയും : എൻ്റെ കഥ

അലുവയും മത്തിക്കറിയും : എൻ്റെ കഥ

റേഡിയോയിലെ പാട്ട് പാടുന്ന മാമന് ദാഹിക്കുന്നു.

എൻ്റെ കുട്ടിക്കകത്ത് (നഴ്സറിയിൽ ചേർക്കാൻ പ്രായമായില്ല) അച്ഛന് ഒരു ഗൾഫ് കാരൻ ഒരു റേഡിയോ സമ്മാനിച്ചു.
അച്ഛനില്ലാത്തപ്പോ അതിൻ്റെ പരമാധികാരി അനന്തരാവകാശിയായ ഈയുള്ളവനാണല്ലോ.
അങ്ങനെ പാട്ട് കേൾക്കണമെന്ന മോഹവുമായി റേഡിയോ നോബുകൾ ഓരോന്നായ് പിടിച്ച് തിരിച്ചു.


പക്ഷേ പാട്ട് മാത്രം കേട്ടില്ല.
ശൂ... ശബ്ദം മാത്രം. ഓഹ് റേഡിയോയിലിരുന്ന് പാടുന്ന മാമന് ദാഹിക്കുന്നുണ്ടാവും.
വേഗം അടുക്കളയിൽ ചെന്ന് അമ്മേടെ കൈയ്യീന്ന് ഒരു ഗ്ലാസ് കഞ്ഞി വെള്ളം വാങ്ങി വന്നു.
ഇതെങ്ങനെ റേഡിയോക്കകത്തിരിക്കുന്ന മാമന് കൊടുക്കും?
റേഡിയോ തിരിച്ചും മറിച്ചും നോക്കി.
ദേ പിന്നിലൊരു ഊട്ട (ദ്വാരം, ശുഷിരം, hole)
നേരേ അതുവഴി ഒരു ഗ്ലാസ്സ് വെളളം അകത്തേക്ക് ഒഴിച്ചു കൊടുത്തു.

         *                       *                        *        
ഇന്ന് എൻ്റെ മക്കൾ എന്തേലും നശിപ്പിക്കുമ്പോഴും അച്ഛൻ ഒരു നോട്ടം നോക്കും..
86 ൽ എൻ്റെ പാനസോണിക്ക് റേഡിയോ കഞ്ഞി വെള്ളം ഒഴിച്ച് നശിപ്പിച്ചോനല്ലേ നീ.. നിനക്കങ്ങനെ തന്നെ വരണം എന്നതാവും ഭാവം.







തേങ്ങലുയർത്തുന്ന നിറം ചാലിച്ച ഓർമ്മകൾ /അലുവയും മത്തിക്കറിയും / എൻ്റെ കഥ

അലുവയും മത്തിക്കറിയും : എൻ്റെ കഥ

തേങ്ങലുയർത്തുന്ന നിറം ചാലിച്ച ഓർമ്മകൾ

എനിക്ക് അഞ്ച് വയസ്സുള്ളപ്പോളാണ് അനിയത്തി ജനിച്ചത്.
അമ്മ അനിയത്തിയെ പ്രസവിച്ച് കിടന്നപ്പോളാണ് സഹായത്തിനായി ജാനകിയമ്മ എത്തിയത്. 
ആനയടി ഭാഗത്താണ് വീട്. 
ആ അമ്മയും ഞങ്ങൾക്കൊപ്പമാണ് താമസിച്ചത്.
ഇടക്ക് ജാനകിയമ്മേടെ കൊച്ചുമകളും വന്നു.
ഏതാണ്ട് എൻ്റെ പ്രായം.
ഒരിക്കൽ കളിക്കുന്നതിനിടെ ഞങ്ങൾക്കൊരു പെയിൻറ് ടിൻ കിട്ടി.
അതിൽ കുറച്ച്  പെയിൻ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
പക്ഷേ ബാക്കി കട്ടിപിടിച്ചിരിക്കയാണ്.
എന്ത് ചെയ്യും?
കുത്തിപ്പൊട്ടിക്കാം.
ഞാനൊരു കമ്പെടുത്ത് ഒറ്റക്കുത്ത്..
പെയിൻ്റിൻ്റെ മുകളിൽ കട്ടിയായിരുന്ന പാളി തുളച്ച് കൊണ്ട് കമ്പ് ടിന്നിലേക്ക് ..
ഒപ്പം അകത്തെ പെയിൻ്റ് പുറത്തേക്ക്..
പുറത്തേക്ക് തെറിച്ച പെയിൻ്റ് വീണതാകട്ടെ ജാനകിയമ്മേടെ കൊച്ചുമകളുടെ പുത്തൻ ഫ്രോക്കിലേക്കും..


അന്ന് ജാനകിയമ്മ ഒരുപാട് പള്ള് പറഞ്ഞു.
പാവം, കൂലിപ്പണി ചെയ്ത് കിട്ടിയ കാശിന് ചെറുമകൾക്ക് വാങ്ങിക്കൊടുത്തതാണ് ..
ഇന്നും ആ സംഭവം ഒരു നീറ്റലായി ..
ജാനകിയമ്മ ജീവിച്ചിരിപ്പുണ്ട് എന്നാണറിഞ്ഞത്.
ആ ചെറുമകൾക്കിപ്പോ മക്കളായിക്കാണണം.
ഒരിക്കൽ അവരെ കാണാൻ പോകണം.
ഒരു പുത്തൻ ഉടുപ്പുമായ്..

Sunday, July 24, 2022

അലുവയും മത്തിക്കറിയും Motivation Story/ഇല്ലായ്മമകളിലെ വല്ലായ്മകൾ

അലുവയും മത്തിക്കറിയും Motivation



തടിച്ച ശരീരവും കുടവയറും
ആണെന്ന ദുഃഖം ഇതുവരെ ഒരാനക്കും ഉണ്ടായിട്ടില്ല.
തന്റെ കാല് കനമില്ലാതെ തേമ്പിയതാണെന്ന വിഷമത്തിലല്ല കൊക്ക് വെള്ളത്തിൽ അനങ്ങാണ്ടിരിക്കുന്നത്. 
തന്നെക്കാണാൻ കൊള്ളില്ല എന്ന് കരുതി ഒരു കുരങ്ങും ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ല.
തന്റെ ശബ്ദം മോശമെന്ന് തിരിച്ചറിഞ്ഞ് ഒരു കാക്കയും ഇന്നേ വരെ കരയാതിരുന്നിട്ടില്ല.
പറഞ്ഞ് വന്നത് പ്രകൃതിയിലെ ഒരു ജീവിയും
മനുഷ്യരിലെ ചിലരെപ്പോലെ തങ്ങളുടെ കുറവുകളെയും ഇല്ലായ്മകളെയും ഓർത്ത്
വിഷമിച്ച് നടക്കാറില്ല - പകരം, തങ്ങൾക്ക് ഉള്ള കഴിവുകൾ തിരിച്ചറിയാനും അവ ഉപയോഗിച്ച് സന്തോഷത്തോടെ ജീവിക്കാനുമാണ്.

- രതീഷ് സംഗമം

ക്ലാസ്സ് അനുഭവങ്ങൾ / ഭൂതത്തെ കണ്ട കുട്ടികൾ / കൂട്ടിലടച്ച തത്ത / അലുവയും മത്തിക്കറിയും

അലുവയും മത്തിക്കറിയും ക്ലാസ്സ് അനുഭവങ്ങൾ

ഭൂതത്തെ കണ്ട കുട്ടികൾ:

കൂട്ടിലടച്ച തത്ത


മൂന്നാം ക്ലാസ് മലയാളം പാഠഭാഗമായ കൂട്ടിലടച്ച തത്തക്ക് ചെയ്ത ഒരു വ്യത്യസ്ത പ്രവേശന പ്രവർത്തനം പങ്കിടുന്നു.

കഥ : 
സുന്ദരനായ രാജകുമാരൻ്റെ ഭംഗി കണ്ട് തട്ടിക്കൊണ്ട് പോയി ഗുഹയിൽ അടച്ചഭൂതത്തിൻ്റെ കഥ പറയുന്നു.
തുടർന്ന് ..
നിങ്ങൾ രാജകുമാരൻ്റെ പക്ഷത്താണോ ഭൂതത്തിൻ്റെ പക്ഷത്താണോ?

എല്ലാവരും രാജകുമാരൻ്റെ പക്ഷത്താണല്ലേ..
എന്താണതിന് കാരണം?
(സ്വതന്ത്ര പ്രതികരണം)

നിങ്ങൾക്കറിയാമോ - ഇന്നും നമുക്കിടയിൽ ചില ഭൂതങ്ങളുണ്ട്...!
ആർക്കെങ്കിലും ഭൂതത്തെ കാണണം എന്നാഗ്രഹമുണ്ടോ?
പേടിക്കണ്ട - ഈ ഭൂതം നിങ്ങളെ ഒന്നും ചെയ്യില്ല.
ദേ അവിടെ കസേരക്ക് മേലേ ഒരു ബക്കറ്റ് ഇരിപ്പില്ലേ.. അതിനകത്താണ് ഭൂതത്തെ ഒരു പെട്ടിയിൽ അടച്ച് വെച്ചിരിക്കുന്നത്.
കാണാൻ ആഗ്രഹമുള്ളവർ തിരക്ക് കൂട്ടാതെ വരിയായി വന്ന് ബക്കറ്റിൽ പൂട്ടിയിട്ടിരിക്കുന്ന ഭൂതത്തെ കണ്ട് പോകാം.

(മുൻകൂട്ടി തയ്യാറാക്കിയ ബക്കറ്റിൽ ഒരു Mobile Phone അതിൻ്റെ front camera ഓണാക്കി വെക്കണം. ബക്കറ്റിൽ നോക്കുന്നവരെ തന്നെ ഫോണിൽ കാണും.)

ഭൂതത്തെ കാണാൻ പോയ കുട്ടികൾ തങ്ങളെ തന്നെ കാണുന്നു. 
എന്തുകൊണ്ട് അവർ ദൂതമായി?
തുടർന്ന് നടക്കുന്ന ചർച്ചയിൽ വ്യക്തമാകും.

പാറിപ്പറക്കേണ്ട പറവയെ കൂട്ടിലടക്കുന്ന
ഓടിക്കളിക്കേണ്ട ജീവികളെ പൂട്ടിയിടുന്ന
അവരുടെ അച്ഛനമ്മമാർക്കരികിൽ പോകാൻ അനുവദിക്കാത്ത നമ്മളും ഭൂതങ്ങളെപ്പോലെയല്ലേ..?

(ക്ലാസ് അനുഭവങ്ങളുടെ വീഡിയോ കാണാൻ Click here എന്ന ഭാഗത്ത് press ചെയ്യൂ...







അലുവയും മത്തിക്കറിയും / കഥയില്ലാത്തോൻ്റെ കഥകൾ

അലുവയും മത്തിക്കറിയും 


പ്രിയരേ നമസ്കാരം,
   ഇത് ഞാൻ രതീഷ് സംഗമം. അധ്യാപകക്കൂട്ടം എന്ന അക്കാദമിക സോഷ്യൽ മീഡിയ കൂട്ടായ്മ വഴി താങ്കൾക്ക് പരിചയം ഉണ്ടാകാം.
അധ്യാപകക്കൂട്ടത്തിന് പുറമേ ഒരു ബ്ലോഗ് കൂടി തുടങ്ങുന്നു.


അലുവയും മത്തിക്കറിയും എന്നാണ് പേര്. പേര് സൂചിപ്പിക്കും പോലെ പരസ്പര ബന്ധമില്ലാത്ത ചിന്തകളുടെയും അനുഭവങ്ങളുടെയും അടയാളപ്പെടുത്തലിന് ഒരിടം.
ബ്ലോഗ് സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണേ..


നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..?

അലുവയും മത്തിക്കറിയും നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..? ശരികളും തെറ്റുകളും തമ...