Thursday, August 18, 2022

അലുവയും മത്തിക്കറിയും / എൻ്റെ കഥ ചത്ത് പോയ പല്ലിയും പെടുക്കുന്ന കോഴിയും*(ക്ലാസ് റൂം തമാശകൾ)

അലുവയും മത്തിക്കറിയും / എൻ്റെ കഥ


ചത്ത് പോയ പല്ലിയും പെടുക്കുന്ന കോഴിയും

(ക്ലാസ് റൂം തമാശകൾ)

ക്ലാസ്സ് മുറികളിൽ കുട്ടികളുടെ ചില പ്രതികരണങ്ങൾ ഓർത്തോർത്ത് ചിരിക്കാൻ ഇടവരുത്താറുണ്ട്.
മുതിർന്ന കുട്ടികളോളം വരില്ലെങ്കിലും എൽ.പി. ക്ലാസ്സുകളിലും ചില വിരുതന്മാർ അത്തരം അവസരങ്ങൾ നൽകും.

എൽ.പി.ക്ലാസ്സിൽ തമാശകൾ ഇല്ലെന്നല്ല പറഞ്ഞത്. അവ പലപ്പോഴും തീരെ നിഷ്കളങ്കവും അവരുടെ ഭാവവും സിറ്റുവേഷൻ സൃഷ്ടിക്കുന്നതുമാകും. എഴുതി പ്രതിഫലിപ്പിക്കാനല്ല മറിച്ച് അനുഭവിച്ച് ആസ്വദിക്കാൻ കഴിയുന്നവ.

ഒരിക്കൽ മൂന്നാം ക്ലാസ്സുകാർക്ക് നൽകിയ ഒരു തുടർ പ്രവർത്തനം നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന പല്ലി ഇര പിടിക്കുന്നതെങ്ങനെയെന്ന് നീരീക്ഷിച്ച് എഴുതി വരാനാണ്.


അടുത്ത ദിവസം ഒരാൾ ഒഴികെ എല്ലാവരും ആവേശത്തോടെ തങ്ങളുടെ രേഖപ്പെടുത്തലുകൾ അവതരിപ്പിച്ചു.
ഒരാൾ ചെയ്യാതെ വന്നതെന്തെന്ന ചോദ്യത്തിന് കിട്ടിയ മറുപടി രസകരമായിരുന്നു.

"സാറേ ഞങ്ങടെ വീട്ടിൽ ഒരു പല്ലിയേ ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞാഴ്ച ചത്ത് പോയി ...''

      *                   *                   *

ഇനിയൊരിക്കൽ ജീവികളെയും അവയുടെ ശരീരഘടനയെയും പറ്റി പറയുന്നതിനിടെ കൂട്ടത്തിലെ സംശയ രോഗിക്ക് ഒരു സംശയം..

"സാറേ കോഴി പെടുക്കത്തില്ലേ ...''

വി.എച്ച്.എസ്.ഇ.യ്ക്ക്  വെറ്റിനറി പഠിച്ച ഞാൻ  സംശയം കേട്ട് അന്ധാളിച്ച് പോയി.

ചോദ്യം കേട്ട് ആദ്യം ചിരി വന്നെങ്കിലും പിന്നെയാണത് ചിന്തിച്ചത് ഓൻ പറഞ്ഞത് ശരിയാണല്ലോ..

കോഴി മാത്രമല്ല പക്ഷികളൊന്നും പെടുക്കാറില്ലേ?

പക്ഷികൾക്കും ഉരഗങ്ങൾക്കും മൂത്രമൊഴിക്കാനായി പ്രത്യേക അവയവമില്ല.  അവ കാഷ്ടത്തോടൊപ്പം ജലാംശവും പുറത്ത് കളയുന്നു.

      *                       *                *

കുട്ടികൾക്കൊപ്പമിരുന്ന് ചോറുണ്ണുമ്പോ ''സാറിൻ്റെ വൈഫിൻ്റെ കൈപ്പുണ്യം ഒന്ന് നോക്കട്ടെ" എന്ന് പറഞ്ഞ് മീൻ കറി എടുത്തോണ്ട് പോകാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന കാലത്തോളം അവരിൽ നിന്നും ഇത്തരം വ്യത്യസ്തവും രസകരവുമായ അനുഭവങ്ങൾ നമുക്ക് ലഭിക്കതന്നെ ചെയ്യും.

- രതീഷ് സംഗമം

No comments:

Post a Comment

നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..?

അലുവയും മത്തിക്കറിയും നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..? ശരികളും തെറ്റുകളും തമ...