അലുവയും മത്തിക്കറിയും
നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..?
ശരികളും തെറ്റുകളും തമ്മിൽ നടക്കുന്ന പോരാട്ടമാണ് ജീവിതം. രസകരമായ വസ്തുത എന്തെന്നാൽ ഇവ രണ്ടും ആപേക്ഷികമാണെന്നുള്ളതാണ്.
ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ, വീക്ഷണകോണുകൾ ഇവയൊക്കെ മേൽപ്പറഞ്ഞ ശരി തെറ്റുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒരേ പ്രവൃത്തിയെത്തന്നെ രണ്ട് പേർക്ക് രണ്ട് തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതും മേൽപ്പറഞ്ഞ ഘടകങ്ങൾ അവരിൽ ഉണ്ടാക്കുന്ന സ്വാധീനമാണെന്ന് കാണാം.
ആയതിനാലാണ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കൽ ജീവിത ലക്ഷ്യമാക്കരുത് എന്ന് പറയുന്നത്.
നമുക്ക് നമ്മുടേതായ നല്ല ലക്ഷ്യങ്ങൾ ഉണ്ടാകണം. ആ ലക്ഷ്യസ്ഥാനത്തെത്തുന്നതിനായി പരിശ്രമിക്കയും വേണം.
നിങ്ങളിലെ കഴിവുകളും സാധ്യതകളും തിരിച്ചറിയുകയും അവയ്ക്കനുസരിച്ച് ലക്ഷ്യം നിർണ്ണയിക്കുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.
അല്ലെങ്കിൽ അവയുടെ അനുകൂലാവസ്ഥയ്ക്ക് വേണ്ടി കൂടി ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരും.
ഒറ്റക്ക് സാധ്യമല്ലാത്ത ലക്ഷ്യങ്ങൾ നേടാൻ ഒപ്പമുള്ളവരുടെ സഹായം വേണ്ടിവരും.
ടീം വർക്ക് നിങ്ങളുടെ പ്രയത്നങ്ങളെ ഏറ്റവും എളുപ്പത്തിലാക്കുന്നു.
പക്ഷേ ഒന്നുണ്ട്.
ആ ടീമിലെ മുഴുവൻ അംഗങ്ങളെയും ഒരു പൊതു ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിക്കാൻ പ്രേരിപ്പിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരാം.
ഇവിടെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി ആദ്യം സൂചിപ്പിച്ച പല കഴിവുകളും സാഹചര്യങ്ങളും ഉള്ള വ്യത്യസ്ത ആളുകളാണ് നിങ്ങളുടെ ടീമിൽ ഉള്ളത് എന്നതാണ്.
പൊതുലക്ഷ്യം ഉൾക്കൊണ്ടവർ / മനസ് കൊണ്ട് സ്വീകരിച്ച വരെ മാത്രം ടീമിൽ ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം.
നമ്മൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവൃത്തികൾക്ക് കൂടുതൽ തൃപ്തി നൽകാൻ സാധിക്കും.
പൊതുലക്ഷ്യങ്ങളി ലെത്താനായുള്ള ശ്രമത്തിനിടയിൽ നേരിടാവുമറ്റൊരുപാട് വെല്ലുവിളികൾ ഉണ്ട്.
ഭാവനയിൽ നിന്നും പ്രായോഗിക തലത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ചുറ്റുമുള്ളവരുടെ എതിർപ്പുകൾ അങ്ങനെയങ്ങനെ..
ശരിയായ തീരുമാനങ്ങൾ ഉചിതമായ സമയത്ത് എടുക്കാനുള്ള കഴിവ്, സമാനസാഹചര്യങ്ങളിൽ കൂടി കടന്ന് പോയവരോടുള്ള അഭിപ്രായങ്ങൾ ആരായൽ പുസ്തകങ്ങൾ, വെബ് സെർച്ചിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
രണ്ടാമത്തെ പ്രശ്നത്തിനുള്ള ഏറ്റവും ഫല പ്രദമായ പരിഹാരം: അവഗണനയാണ്.
ഏറെ ചിന്തിച്ച് ഏറ്റെടുത്ത ലക്ഷ്യത്തിലേക്ക് നമ്മൾ മുന്നോട്ട് പോകുമ്പോൾ മേൽ സൂചിപ്പിച്ച പല കാരണങ്ങളാൽ അവക്കെതിരെ നിൽക്കുന്നവരെ അവഗണിക്കയാണ് ഏറ്റവും ഉചിതം.
ആവശ്യമെങ്കിൽ ഒരിക്കൽ കൂടി അവരെ നമ്മുടെ നല്ല ഉദ്ദേശങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കാം. കഴിഞ്ഞില്ല എങ്കിൽ വിട്ടേക്കുക.
ഏതാണ്ട് എണ്ണൂറ് കോടിക്കടുത്ത് ജനങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്.
അതിൽ പത്തോ അമ്പതോ അംഗങ്ങൾ മാത്രമാണ് നിങ്ങളുടെ ടീമിൽ ഉള്ളത്.
ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തുന്നവരെ തിരുത്താൻ നിന്ന് സമയം / ഊർജ്ജം പാഴാക്കേണ്ടതുണ്ടോ ?
നിങ്ങളുടെ നല്ല സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള പ്രയാണം തുടരുക.
നിങ്ങളെ തിരിച്ചറിയാൻ കഴിയുന്നവർ ഒപ്പം കൂടും.
സങ്കുചിത ചിന്തകരെ തൃപ്തരാക്കലല്ല നമ്മുടെ ലക്ഷ്യമെന്ന് തിരിച്ചറിയുക.
പരാജയങ്ങളിൽ തളരേണ്ടതില്ല.
പുതു ലക്ഷ്യങ്ങളെല്ലാം പൂർണ്ണ വിജയമാകും എന്ന് കരുതേണ്ടതില്ല.
പരമാവധി വിജയത്തിനായി പ്രവർത്തിക്കുക. എങ്കിലും ചിലപ്പോൾ പരാജയങ്ങൾ ഉണ്ടാകാം.
അവയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കാം.
ചാന്ദ്രയാൻ - 2 വിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ചാന്ദ്രയാൻ - 3 വിജയകരമായി പൂർത്തീകരിച്ചത്.
ചന്ദ്രനിലെത്തുകയെന്ന വലിയ ലക്ഷ്യത്തിൽ പോലും ഇത്തരം സാധ്യതകൾ സ്വീകരിക്കുമ്പോൾ അവയുമായ് തട്ടിച്ച് നോക്കിയാൽ തീരെ ചെറിയ ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ പ്രയാണങ്ങളിലും ഇത്തരം രീതികൾ സ്വീകരിക്കാവുന്നതല്ലേ.
ചെറിയ മനസിന് ഉടമകളാണ് പലപ്പോഴും മറ്റുള്ളവരിൽ അസൂയയും വിദ്വേഷവും വെച്ച് പുലർത്തുന്നത്.
അത്തരം നെഗറ്റീവ് വികാരങ്ങൾ ഒഴിവക്കാനുള്ള മന: പൂർവ്വമായ ശ്രമം നിങ്ങളെ സ്വയം വലുതാകാൻ സഹായിക്കും എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഒന്ന് കൂടി - നിങ്ങളുടെ രൂപം, നിറം ഇവയൊന്നും നിങ്ങളുടെ നല്ല പ്രവൃത്തികളെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന തിരിച്ചറിവ് വേണം.
സൗന്ദര്യത്തിന് ഏറെ പ്രാധാന്യമുള്ള സിനിമ അഭിനയ മേഖലയിൽ പോലും അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മാത്രം സൂപ്പർ സ്റ്റാറുകളായവരും - ഏറെ സുന്ദരന്മാരോ സുന്ദരികളോ ആയിട്ടും അഭിനയ കഴിവ് ഇല്ലാത്തതിനാൽ തഴയപ്പെട്ടവരും ഉണ്ട്.
നശ്വരമായ പുറം മോടിയിൽ ഭ്രമിക്കയോ നിരാശപ്പെടുകയോ വേണ്ട.
നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക.
പുറംമോടി താൽക്കാലികമാണ്.
ജരാനര ബാധിച്ച് ചുക്കിച്ചുളിയേണ്ടവ.
മനസിന്റെ സൗന്ദര്യമാണ് പരിഗണിക്കേണ്ടത്.
നമ്മുടെ ചുറ്റുമുള്ള ചെറിയ ചെറിയ കാര്യങ്ങളിൽ നാം ഓരോരുത്തരും മാറ്റങ്ങൾ വരുത്തിയാൽ
കൂടുതൽ സുന്ദരമായൊരു ലോകസൃഷ്ടി സാധ്യമാകും.
സ്നേഹപൂർവ്വം,
രതീഷ് സംഗമം.