അലുവയും മത്തിക്കറിയും : എൻ്റെ കഥ
ആ പൂന്തോട്ടത്തിൽ പിന്നെ മുഞ്ഞ കയറിയിട്ടില്ല.
(അതിഭീകരമായൊരു ദുരന്തകഥ)
അമ്മയുടെ പൂന്തോട്ടത്തിലെ മുഖ്യ ആകർഷണം ആയിരുന്നു ആ മഞ്ഞ തീപ്പൊരിപ്പൂക്കൾ.
മഞ്ഞപ്പരവതാനി വിരിച്ചപോലെ മുറ്റം നിറയെ അവയങ്ങനെ വിലസി നിൽക്കുന്നത് ഏവരെയും ആകർഷിച്ചിരുന്നു.
അപ്പോളാണ് ആ ഭീകരന്മാർ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്.
ചെടികളുടെ നീര് കുടിച്ച് വളർന്ന് അവയെ നശിപ്പിക്കുന്ന മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനം ജീവി ചെടികളിലെല്ലാം ഇരിക്കുന്നു!
അവയെ നശിപ്പിച്ചേ പറ്റു.. എന്ത് ചെയ്യും?
അടുത്ത സുഹ്രത്തും കൃഷി തല്പരനുമായ സുരേഷിൻ്റെ സഹായം തേടി.
ഹേയ് ഇത്തിരിപ്പോന്ന ഈ മുഞ്ഞയെയാണോ ഇത്ര ഭയക്കുന്നത്?
അതിർത്തി കടന്നെത്തുന്ന പട്ടാളക്കാരെ വരെ വെടിവെച്ചിടുന്നു.
അപ്ലാ ഈ സില്ലി മാറ്റർ ..
ഞാൻ പറയുന്ന സാധനങ്ങൾ സംഘടിപ്പിച്ച് തന്നാൽ മതി.
അങ്ങനെ ഇഷ്ടൻ പറഞ്ഞ യുദ്ധക്കോപ്പുകൾ തയ്യാറാക്കി.
നാല് ചിരട്ട, ഒരു കുപ്പി മണ്ണെണ്ണ.
അന്ന് ഇന്നത്തെപ്പോലെ മണ്ണെണ്ണക്ക് പഞ്ഞമുള്ള കാലമല്ല.
റേഷൻ കടകൾ വഴി ഓരോ വീടുകളിലേക്കും ലിറ്ററ്കണക്കിന് മണ്ണെണ്ണ ഒഴുകി നടന്ന കാലം..
ഒടുവിൽ പടയാളിയെത്തി. റൈഫിളിൽ തിര നിറക്കുന്ന ജവാൻ്റെ ഭാവത്തിൽ മണ്ണെണ്ണ ചിരട്ടയിലേക്ക് പകർന്നു.
"കൊച്ച് ചെർക്കാ നോക്കി നിക്കാണ്ട് ഇത് പോലെ ചെയ്യ്..
നാല് വശത്തൂന്നും ഒന്നിച്ചാകണം ആക്രമണം.
ഒറ്റയെണ്ണത്തെ വെർതേ വിടര്ത്.."
ക്യാപ്റ്റൻ്റെ നിർദ്ദേശം ശിരസാവഹിച്ച് ഇരുകൈകളിലും ഓരോചിരട്ട വീതം മണ്ണെണ്ണ നിറച്ച് ഞാനും എടുത്തു.
പിന്നീട് ഒരാക്രമണമായിരുന്നു. മുഞ്ഞയെന്ന കൊടുംഭീകരരായ നുഴഞ്ഞ്കയറ്റക്കാർക്കെതിരെ രാസായുധം പ്രയോഗിച്ച ശേഷം ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോയി.
തിരികെ വന്നപ്പോ കണ്ടത് രാമപത്നിയാകാനുള്ള ആഗ്രഹ സഫലീകരണം നടക്കാതെ അപമാനിതയായ ശൂർപ്പണഖയുടെ മുഖഭാവേന നിൽക്കുന്ന അമ്മയെയാണ്.
ഇതെന്നാ പറ്റി?
കൊടുംഭീകരരായ മുഞ്ഞകളെ തുരത്തിയ ഞങ്ങൾക്ക് പലഹാരവുമായ് സ്വീകരണം ഒരുക്കിയിരിക്കേണ്ടതിന് പകരം?
അമ്മയെ അനുനയിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു, "അമ്മേ, അമ്മ വിഷമിക്കണ്ട.. ഇനി നമ്മുടെ ചെടികളിൽ മുഞ്ഞ കയറില്ല .. ഞങ്ങൾ എല്ലാത്തിനേം തുരത്തി .. "
ഉവ്വ.. ഇനിയാ ചെടികളിൽ മുഞ്ഞ കയറില്ല .. പോയി നോക്ക്..
പൂത്തുലഞ്ഞ് അഗ്നി പോലെ ജ്വലിച്ച് പൂക്കളോടെ നിന്നിരുന്ന തീപ്പൊരിച്ചെടികൾ കനല് കെട്ട് ചാരം മാത്രമായി മാറിയിരിക്കുന്നു.
പ്രയോഗിച്ച അണ്വായുധത്തിന് ശത്രു ഏതാ മിത്രം ഏതാ എന്നറിയില്ലല്ലോ ..
മുഞ്ഞകളും ചത്തു - ചെടികളും കരിഞ്ഞുണങ്ങിപ്പോയി😔
- രതീഷ് സംഗമം.
👌👍
ReplyDeleteThank you
Delete