Tuesday, August 23, 2022

വിശ്വസിക്കാൻ കൊള്ളാത്തവരുടെ ലക്ഷണങ്ങൾ /അലുവയും മത്തിക്കറിയും

അലുവയും മത്തിക്കറിയും

വിശ്വസിക്കാൻ കൊള്ളാത്തവരുടെ ലക്ഷണങ്ങൾ

(വീഡിയോ കാണാനായി Click here എന്ന ഭാഗത്ത് Click ചെയ്യൂ..)


Thursday, August 18, 2022

അലുവയും മത്തിക്കറിയും / എൻ്റെ കഥ ചത്ത് പോയ പല്ലിയും പെടുക്കുന്ന കോഴിയും*(ക്ലാസ് റൂം തമാശകൾ)

അലുവയും മത്തിക്കറിയും / എൻ്റെ കഥ


ചത്ത് പോയ പല്ലിയും പെടുക്കുന്ന കോഴിയും

(ക്ലാസ് റൂം തമാശകൾ)

ക്ലാസ്സ് മുറികളിൽ കുട്ടികളുടെ ചില പ്രതികരണങ്ങൾ ഓർത്തോർത്ത് ചിരിക്കാൻ ഇടവരുത്താറുണ്ട്.
മുതിർന്ന കുട്ടികളോളം വരില്ലെങ്കിലും എൽ.പി. ക്ലാസ്സുകളിലും ചില വിരുതന്മാർ അത്തരം അവസരങ്ങൾ നൽകും.

എൽ.പി.ക്ലാസ്സിൽ തമാശകൾ ഇല്ലെന്നല്ല പറഞ്ഞത്. അവ പലപ്പോഴും തീരെ നിഷ്കളങ്കവും അവരുടെ ഭാവവും സിറ്റുവേഷൻ സൃഷ്ടിക്കുന്നതുമാകും. എഴുതി പ്രതിഫലിപ്പിക്കാനല്ല മറിച്ച് അനുഭവിച്ച് ആസ്വദിക്കാൻ കഴിയുന്നവ.

ഒരിക്കൽ മൂന്നാം ക്ലാസ്സുകാർക്ക് നൽകിയ ഒരു തുടർ പ്രവർത്തനം നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന പല്ലി ഇര പിടിക്കുന്നതെങ്ങനെയെന്ന് നീരീക്ഷിച്ച് എഴുതി വരാനാണ്.


അടുത്ത ദിവസം ഒരാൾ ഒഴികെ എല്ലാവരും ആവേശത്തോടെ തങ്ങളുടെ രേഖപ്പെടുത്തലുകൾ അവതരിപ്പിച്ചു.
ഒരാൾ ചെയ്യാതെ വന്നതെന്തെന്ന ചോദ്യത്തിന് കിട്ടിയ മറുപടി രസകരമായിരുന്നു.

"സാറേ ഞങ്ങടെ വീട്ടിൽ ഒരു പല്ലിയേ ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞാഴ്ച ചത്ത് പോയി ...''

      *                   *                   *

ഇനിയൊരിക്കൽ ജീവികളെയും അവയുടെ ശരീരഘടനയെയും പറ്റി പറയുന്നതിനിടെ കൂട്ടത്തിലെ സംശയ രോഗിക്ക് ഒരു സംശയം..

"സാറേ കോഴി പെടുക്കത്തില്ലേ ...''

വി.എച്ച്.എസ്.ഇ.യ്ക്ക്  വെറ്റിനറി പഠിച്ച ഞാൻ  സംശയം കേട്ട് അന്ധാളിച്ച് പോയി.

ചോദ്യം കേട്ട് ആദ്യം ചിരി വന്നെങ്കിലും പിന്നെയാണത് ചിന്തിച്ചത് ഓൻ പറഞ്ഞത് ശരിയാണല്ലോ..

കോഴി മാത്രമല്ല പക്ഷികളൊന്നും പെടുക്കാറില്ലേ?

പക്ഷികൾക്കും ഉരഗങ്ങൾക്കും മൂത്രമൊഴിക്കാനായി പ്രത്യേക അവയവമില്ല.  അവ കാഷ്ടത്തോടൊപ്പം ജലാംശവും പുറത്ത് കളയുന്നു.

      *                       *                *

കുട്ടികൾക്കൊപ്പമിരുന്ന് ചോറുണ്ണുമ്പോ ''സാറിൻ്റെ വൈഫിൻ്റെ കൈപ്പുണ്യം ഒന്ന് നോക്കട്ടെ" എന്ന് പറഞ്ഞ് മീൻ കറി എടുത്തോണ്ട് പോകാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന കാലത്തോളം അവരിൽ നിന്നും ഇത്തരം വ്യത്യസ്തവും രസകരവുമായ അനുഭവങ്ങൾ നമുക്ക് ലഭിക്കതന്നെ ചെയ്യും.

- രതീഷ് സംഗമം

Monday, August 8, 2022

വിശ്വസിക്കാൻ കൊള്ളാവുന്ന അന്ധവിശ്വാസങ്ങൾ./അലുവയും മത്തിക്കറിയും

അലുവയും മത്തിക്കറിയും

വിശ്വസിക്കാൻ കൊള്ളാവുന്ന അന്ധവിശ്വാസങ്ങൾ.

ടൈറ്റിൽ കണ്ട് ഞെട്ടണ്ട. ങ്ങളിപ്പോ ശാസ്ത്രമൊക്കെ മാറ്റിവെച്ച് അന്ധവിശ്വാസ പാതയിലായോ എന്ന സംശയവും വേണ്ട.

ആദ്യം അന്ധവിശ്വാസം എന്തെന്ന് നോക്കാം. തുടർന്ന് ചില അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതിലെ നല്ല ഗുണങ്ങളെയും അറിയാം.

വിശ്വാസം എന്ന വാക്കിന് കിട്ടുന്ന സ്വീകാര്യത അന്ധവിശ്വാസത്തിന് ലഭിക്കുന്നില്ല - ലഭിക്കയുമില്ല.

ഒരുവനെ ശുഭാക്തി വിശ്വാസിയാക്കുന്നത് നന്നാണ്. 
എന്നാൽ അന്ധവിശ്വാസിയാക്കൽ നേരേ തിരിച്ചും.

എന്താണ് അന്ധവിശ്വാസം?
യുക്തിസഹമല്ലാത്ത വിശ്വാസം എന്ന് ഒറ്റവാക്കിൽ പറയാം എന്ന് കരുതുന്നു.
അറിവില്ലായ്മയെക്കാൾ   യുക്തിചിന്ത കുറഞ്ഞവരെയും ആത്മവിശ്വാസം കുറഞ്ഞവരെയും അന്ധവിശ്വാസ പാതയിലേക്ക് നയിക്കാൻ എളുപ്പമാണ്.

ആധുനിക കാലഘട്ടത്തിലും അന്ധവിശ്വാസികളുടെ എണ്ണവും കുറവില്ലാതെ തുടരുന്നതിൻ്റെ കാരണം അവയുടെ അപ്ഡേഷനാകണം.
കാലത്തിൻ്റെയു ശാസ്ത്രത്തിൻ്റെയും മാറ്റങ്ങൾക്കനുസരിച്ച് പുതിയ വിശ്വാസങ്ങൾ അവതരിപ്പിക്കപ്പെടുന്നു - ചിലത് കാലഹരണപ്പെടുന്നു.

തൻ്റെ പ്രിയപ്പെട്ട താരം ക്രിക്കറ്റിൽ ബാറ്റ് ചെയ്യുമ്പോ ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാത്ത ചിലരുണ്ട്. അവരുടെ വിശ്വാസം അവിടെ നിന്നവർ അനങ്ങിയാൽ തൻ്റെ താരം ഔട്ടാകും ടീം തോൽക്കും എന്നാണ്. 
എന്നാൽ ചില അന്ധവിശ്വാസികളാകട്ടെ നിധിയോ ദൈവീക പ്രീതിക്കോ വേണ്ടി സ്വന്തം ചോരയെ വരെ ബലി നൽകുന്നു.
പറഞ്ഞത് അന്ധവിശ്വാസങ്ങൾ രണ്ട് തരത്തിലുണ്ട് എന്നതാണ്. ചിലവ വ്യക്തിയെ മാത്രം ബാധിക്കുമ്പോൾ മറ്റ് ചിലത് സമൂഹത്തിന് തന്നെ ദോഷമായി മാറുന്നു.

മതം, സംസ്കാരം എന്നിവ അന്ധവിശ്വാസ പ്രചാരകരായ് പലപ്പോഴും വർത്തിക്കാറുണ്ടല്ലോ.

മുമ്പ് സൂചിപ്പിച്ച പോലെ ചില പ്രത്യേക ചെയ്തികൾ ഒരുവൻ്റെ ആത്മവിശ്വാസം കൂട്ടുന്നു എങ്കിൽ - അവ മറ്റുള്ളവർക്ക് ഉപദ്രവമാകുന്നില്ല എങ്കിൽ അന്ധവിശ്വാസത്തെ അത്രകണ്ട് എതിർക്കേണ്ടതില്ല എന്നതാണ് എൻ്റെ പക്ഷം.

ഉദാ: ഇന്ന് നീല ഉടുപ്പിടുന്നത് നന്നാണ് എന്നൊരാൾ വിശ്വസിക്കുന്നു.
അയാളുടെ വിശ്വാസം അയാളിൽ ആത്മവിശ്വാസം ഉയർത്തുന്നു എങ്കിൽ മറ്റ് നിയമ തടസ്സമൊന്നും ഇല്ലെങ്കിൽ അയാൾ നീല ഉടുപ്പിടട്ടെ നമ്മളെന്തിന് തടയണം?

സത്യത്തിൽ ഒട്ട്മിക്ക മനുഷ്യരിലും ഇത്തരം ചെറുതും വലുതുമായ എന്തെങ്കിലുമൊക്കെ വിശ്വാസ പ്രമാണങ്ങൾ ഉണ്ടാവും. ചിലർ ചിലവ ജീവിതകാലത്തോളം പിന്തുടരുന്നു, ചിലരാകട്ടെ യുക്തിസഹ ചിന്തകളിലൂടെ ഗുണമില്ലാത്തവയെന്ന് തിരിച്ചറിഞ്ഞവയെ ഒഴിവാക്കുന്നു.


ചില 'നല്ല അന്ധവിശ്വാസങ്ങൾ'

ഹൊ! അന്ധവിശ്വാസത്തിലും നല്ലതുണ്ടോ എന്നതാവും ചിന്ത അല്ലേ!

എന്നിൽ നിന്ന് തന്നെ തുടങ്ങാം.
ഏറെ നാളായ് ഞാൻ പിന്തുടരുന്ന ചില ശീലങ്ങൾ അവക്ക് പിന്നിലെ യുക്തി - അവയുമായ് ബന്ധപ്പെട്ട് പ്രചരിക്കുന്ന വിശ്വാസങ്ങൾ എന്നിവ വിവരിക്കുമ്പോ ടൈറ്റിൽ എത്രമാത്രം കൃത്യതപ്പെടുന്നു എന്ന് തിരിച്ചറിയാം.

ഉറങ്ങി എഴുന്നേറ്റാൽ കിടക്ക വിരി നീറ്റായി (പരമാവധി ചുളുക്കില്ലാതെ) നിവർത്തിയിടുകയും പുതപ്പ് നന്നായി മടക്കി, തലയണ ശരിയായ സ്ഥാനത്ത് വെക്കുക എന്നത് ഒരു ശീലമാണ്.

എന്നാൽ അടുത്തിടെ വായിച്ച ഒരു വിശ്വാസം കണ്ട് സന്തോഷം ഉണ്ടായി. ഉറങ്ങി എഴുന്നേൽക്കുമ്പോ കിടക്ക വിരി ശരിയായ് മടക്കി വെച്ചില്ല എങ്കിൽ വീട്ടിൽ കടം കയറും എന്നാണതിൽ പറഞ്ഞിരിക്കുന്നത്.

ഒരു പക്ഷേ എന്നെപ്പോലെ ശീലമുള്ള ഒരുവൻ തന്നെ ഭാര്യയിലും മക്കളിലും ഇതേ സ്വഭാവം വളർത്താനായ് ചെയ്താവും ..

ന്തായാലും അത് കണ്ടിട്ടും എൻ്റെ ഭാര്യേം മക്കളും ഇന്നും എൻ്റെ വിശ്വാസത്തെയോ ആ അതിബുന്ധിമാൻ്റെ അന്ധവിശ്വാസത്തെയോ പിന്തുടരുന്നില്ല എന്ന സത്യം കൂടി ഈയവസരത്തിൽ വെളിപ്പെടുത്തട്ടെ😂



മറ്റൊന്ന് ബാത്ത് റൂമിൽ കയറിയാൽ ബക്കറ്റിൽ കുറച്ച് വെള്ളം പിടിച്ച് വെക്കാറുണ്ട് എന്നതാണ്. കാരണം മറ്റൊന്നുമല്ല. നമ്മുടെ പൈപ്പുകളിൽ എപ്പളാണ് വെള്ളം തീരുക എന്ന് പറയാൻ കഴിയില്ല.
പിന്നാലെ വരുന്നവർക്കുള്ള ഒരു കരുതലാണത്.
ചെറിയ പ്രായം മുതൽ ഒപ്പം കൂടിയ ശീലം.

നിർഭാഗ്യവശാലോ ഭാഗ്യവശാലോ ഒരു ഓൺലെെൻ ലേഖനത്തിൽ കണ്ടത് അങ്ങനെ ചെയ്തിലെങ്കിലും കടം കയറുമെന്നാണ്!

അങ്ങനെ ചെയ്തിട്ടും കടം കയറിയ എന്നാക്കിനി എത്ര ബക്കറ്റ് വെള്ളം പിടിച്ച് വെച്ചാൽ കടം വീട്ടാനാകും എന്ന് കൂടി അറിഞ്ഞിരുന്നേൽ സമാധാനമായേനെ😂


സന്ധ്യ കഴിഞ്ഞ് പാലമരച്ചുവട്ടിൽ യക്ഷി വരും എന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.
വിശ്വാസത്തിന് പിന്നിലെ ശാസ്ത്രം മനസിലാക്കിയതോടെ - യക്ഷി വന്നാലും ഇല്ലെങ്കിലും പാലയുടെയല്ല ഒരു മരച്ചുവട്ടിലും സമയം ചെലവഴിക്കുന്നത് നന്നല്ല എന്ന് നമ്മൾ തിരിച്ചറിഞ്ഞു.

എങ്ങനെയാവാം ആ വിശ്വാസം ഉടലെടുത്തത്?
അന്ന് ഇപ്പഴത്തെപ്പോ ഗതാഗത സൗകര്യമോ റോഡുകളോ ഇല്ലായിരുന്നല്ലോ.
കാനനപാതകളിലൂടെ ദുഷ്കരമായ നീണ്ട കാൽനടയാത്ര ചെയ്തവർ ക്ഷീണിതരായ് പാല പോലെ ഏതെങ്കിലും മരച്ചുവടുകൾ വിശ്രമിക്കാൻ തെരഞ്ഞെടുത്തിരിക്കാം.
നമുക്കറിയാം രാത്രികാലങ്ങളിൽ സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കുന്നില്ല. ശ്വസനം മാത്രം നടക്കുന്നു. തത്ഫലമായി വൃക്ഷച്ചുവടുകളിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂടുതലായിരിക്കും.
യാത്രാ ക്ഷീണത്താൽ മയക്കത്തിലായ യാത്രികൻ ഈ കാർബൺ ഡൈ ഓക്സൈഡ് ശ്വസിച്ച് ബോധം കെടുകയോ മരിക്കുകയോ ചെയ്തിരിക്കാം.
ഏതെങ്കിലും കാട്ട് മൃഗങ്ങളുടെ ആക്രമണത്തിനും ഇരയായിക്കാണും.

പ്രകാശസംശ്ലേഷണത്തെപ്പറ്റിയും സസ്യശ്വസനത്തെപ്പറ്റിയുമൊന്നും വലിയ ധാരണയില്ലാത്ത അന്നത്തെ മനുഷ്യരുടെ ജീവൻ രക്ഷിക്കാനാവും ഒരു പക്ഷേ പാലമരച്ചുവടുകളിൽ യക്ഷികളെ പാർപ്പിച്ചത്.

ഒറ്റ മൈനയെ  കണ്ടാൽ ദോഷം - എപ്പോഴും ഇണയോടൊപ്പം കാണുന്ന മൈനയെ അങ്ങനെയല്ലാതെ കാണുന്നവൻ്റെ മനസ്സിൻ്റെ വിഷമമാകാം.

കൈതയില നീളത്തിൽ പിളർത്തി കെട്ടിയാൽ അടി കിട്ടില്ല.- പുതുതലമുറ മറക്കരുത്. കൈതയില കെട്ടിയ ഒരു പഴയ തലമുറയുടെ പ്രാർത്ഥനയുടെ ഫലമാണ് ഇന്ന് സ്കൂളുകളിൽ നിന്നും വടികൾ പടിയിറങ്ങിയത്😂

കട്ടിലിൽ ഇരുന്ന് കാലാട്ടിയാൽ അമ്മക്ക് ദോഷം - കോളാമ്പികളും മൺചട്ടികളും കട്ടിലിന്നടിയിൽ നിന്ന് ഇറങ്ങിപ്പോയതോടെ ആ ദോഷവും ഇല്ലാതായി.

വിശ്വാസങ്ങളെ ഏതോ ഘട്ടത്തിൽ കമ്പോളവത്കരിക്കപ്പെട്ടു എന്നും കാണാൻ സാധിക്കും.
അധസ്ഥിത വർഗത്തെ വരേണ്യവർഗം ചൂഷണം ചെയ്യുന്നതിനും ഇത്തരം ചില വിശ്വാസങ്ങൾ സൃഷ്ടിക്കപ്പെടുകയും പിന്നീട് വന്ന തലമുറ പലതിനെയും ചോദ്യം ചെയ്യുകയും ചെയ്തു എന്നതും ചരിത്രം.
എങ്കിലും കാലോചിത പരിവർത്തനങ്ങളോ സൃഷ്ടികളോ ആയി ഇന്നും പലതും നിലനിൽക്കുന്നു.

ആദ്യമേ പറഞ്ഞ പോലെ ചിലതിൽ ചില യുക്തികൾ ചികഞ്ഞെടുക്കാമെങ്കിലും അധികമായാൽ അമൃതും വിഷം - യുക്തിസഹമായ വിശ്വാസങ്ങൾ ഒരു പരിധി വരെ നന്ന്. അതിനപ്പുറമവ അന്ധവിശ്വാസമാകില്ല എന്നുറപ്പുണ്ടാകണമെന്ന് മാത്രം.

നിങ്ങൾക്ക് പരിചിതമായ വിശ്വാസങ്ങൾ അവയുടെ യുക്തി - യുക്തിരാഹിത്യം - തുടങ്ങിയവ കമൻ്റ് ചെയ്യണേ..

- രതീഷ് സംഗമം

Monday, August 1, 2022

ജയിക്കാൻ മാത്രമല്ല തോൽക്കാതിരിക്കാനും കുട്ടികൾ പഠിക്കണം./ അലുവയും മത്തിക്കറിയും

അലുവയും മത്തിക്കറിയും: ക്ലാസ് അനുഭവങ്ങൾ


ജയിക്കാൻ മാത്രമല്ല തോൽക്കാതിരിക്കാനും കുട്ടികൾ പഠിക്കണം.

വട്ടത്തിൽ നിന്ന് കുട്ടികൾ പരസ്പരം ബോൾ കൈമാറുന്നു.
ഇട്ട് കൊടുക്കുന്ന ബോൾ അടുത്ത് നിൽക്കുന്നയാൾപിടിക്കുന്നു.



സാധാരണകളി നിയമ പ്രകാരം, ബോൾ പിടിക്കാൻ പറ്റിയില്ല എങ്കിൽ അയാൾ ഔട്ടാകും.
ഇവിടെ നിയമം തല തിരിച്ചു.
ഒരാൾ ബോൾ പിടിച്ചില്ല എങ്കിൽ ബോളിട്ട് കൊടുത്തയാൾ ഔട്ട്.
ഫലം: ജയിക്കാനല്ല തോൽക്കാതിരിക്കാനാണ് കുട്ടി ശ്രമിക്കുന്നത്.
കൂടെ നിൽകുന്ന കുട്ടിക്ക് ബോൾ പിടിക്കാൻ പാകത്തിൽ ഇട്ട് കൊടുക്കുന്നു.

മത്സരലോകത്ത്    പരസ്പരം സഹകരണവും  കരുതലും ഉള്ളവരായ് അവർ വളരട്ടെ.

- രതീഷ് സംഗമം

നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..?

അലുവയും മത്തിക്കറിയും നമ്മുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുമ്പോഴും അവ നേടാനായി പരിശ്രമിക്കുമ്പോഴും എന്തെല്ലാം പരിഗണിക്കണം..? ശരികളും തെറ്റുകളും തമ...